ഞങ്ങളേക്കുറിച്ച്

    കുറ്റ വിചാരണയിൽ നീതിന്യായ വ്യവസ്ഥയെ സഹായിക്കുക എന്നതാണ് കെമിക്കല്‍ എക്‌സാമിനേഴ്സ് ലബോറട്ടറികളുടെ ദൗത്യം. തിരുവിതാംകൂര്‍ നാട്ടു രാജ്യത്തിലെ കുറ്റകൃത്യങ്ങള്‍ കണ്ടെത്തുന്നതിനു വേണ്ടിയാണ് 1890-ല്‍ ആദ്യമായി കെമിക്കല്‍ എക്‌സാമിനേഴ്സ് ലബോറട്ടറി സ്ഥാപിക്കുന്നത്. ക്രിമിനല്‍ നടപടിക്രമം കോഡ് സെക്ഷന്‍ 293 അനുസരിച്ച് ചീഫ് കെമിക്കല്‍ എക്സാമിനര്‍ വകുപ്പ് തലവനും സർക്കാരിന്റെ സയന്റിഫിക് എക്സ്പെർട്ടും ആണ്. കേരള സർക്കാരിന്റെ ആഭ്യന്തര വകുപ്പിനു കീഴിലാണ് സ്വതന്ത്ര ചുമതലയുള്ള വകുപ്പായി ഇപ്പോള്‍ കെമിക്കല്‍ എക്‌സാമിനേഴ്സ് ലബോറട്ടറി പ്രവർത്തിക്കുന്നത്. ഈ ലബോറട്ടറിയിലെ ടെക്നിക്കൽ ജോലികള്‍ രഹസ്യ സ്വഭാവം ഉള്ളവയാകയാല്‍ ഓഫീസർമാരും പരിശോധകരും പരിശോധനയുടെ എല്ലാ ഘട്ടത്തിലും രഹസ്യ സ്വഭാവം സൂക്ഷിക്കേണ്ടതും പരിശോധനാ വിവരം പുറത്തു പറയാന്‍ പാടില്ലാത്തതുമാകുന്നു. ഓഫീസർമാർ അങ്ങേയറ്റത്തെ സത്യസന്ധതയും വിശ്വാസ്യതയും കാത്തു സൂക്ഷിക്കേണ്ടതാണ്.

          മൂന്ന് ലബോറട്ടറികളാണ് ഈ വകുപ്പിനു കീഴില്‍ പ്രവർത്തിക്കുന്നത്. തെക്കന്‍ ജില്ലകളായ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ എന്നിവ തിരുവന്തപുരത്തെ ഹെഡ്ക്വാട്ടേഴ്സ് ലബോറട്ടറിയുടെ പരിധിയില്‍ വരുന്നു. മദ്ധ്യ ജില്ലകളായ എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട് എന്നിവ എറണാകുളം റീജിയണല്‍ ലബോറട്ടറിയുടെ പരിധിയിലും വടക്കന്‍ ജില്ലകളായ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍,  കാസർഗോഡ് എന്നിവ കോഴിക്കോട് ലബോറട്ടറിയുടെ പരിധിയിലുമാണ്.

        ഇന്ത്യന്‍ ശിക്ഷാനിയമം (IPC) എന്‍ ഡി പി എസ് ആക്ട് 1985, അബ്കാരി ആക്ട്, ഈ സി ആക്ട്, എം & ടി പി ആക്ട്. എം വി ആക്ട്, എക്സ് പ്ലോസീവ് ആക്ട് തുടങ്ങിയവയുടെ കീഴില്‍ വരുന്ന കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട തൊണ്ടി മുതലുകള്‍ ലബോറട്ടറിയുടെ വിവിധ സെക്ഷനുകളില്‍‌ പരിശോധന നടത്തി റിപ്പോർട്ട് നൽകുന്നു. കൊലപാതകം, മനുഷ്യർക്കും മൃഗങ്ങൾക്കും ഏതെങ്കിലും രീതിയില്‍ ഉണ്ടാകുന്ന വിഷബാധ, മയക്കുമരുന്നുകള്‍, സ്ഫോടക വസ്തുക്കള്‍, സാമ്പത്തിക കുറ്റങ്ങള്‍, പെട്രോളിയം ഉൾപന്നങ്ങൾ, അബ്കാരി കുറ്റകൃത്യങ്ങള്‍ തുടങ്ങിയവയില്‍ ഉള്‍പ്പെട്ട തൊണ്ടി സാധനങ്ങളുടെ രാസ പരിശോധന യഥാക്രമം ടോക്സിക്കോളജി, നാർക്കോട്ടിക്സ്, ജനറല്‍ കെമിസ്ട്രി, എക്‌സൈസ്  എന്നീ ഡിവിഷനുകളില്‍ നടത്തുന്നു. കൊലപാതകങ്ങളിലും ലൈംഗിക കുറ്റകൃത്യങ്ങളിലും ഉള്ള തൊണ്ടി മുതലുകളിൽമേലുള്ള ശരീരശ്രവങ്ങളുടെ പരിശോധന സീറോളജി ഡിവിഷനിലാണ് നടത്തുന്നത്. കെമിക്കല്‍ എക്സാമിനര്‍മാുടെ പരിശോധനാ റിപ്പോർട്ടുകൾ ക്രമിനല്‍ നടപടിക്രമം 293-ം വകുപ്പ് പ്രകാരമുള്ള തെളിവായി കോടതികള്‍ സ്വീകരിക്കപ്പെടുന്നു. ആയതിനാല്‍ ഈ വകുപ്പില്‍ തൊണ്ടി മുതലുകള്‍ കൈകാര്യം ചെയ്യുന്ന രീതി, രാസപരിശോധന, പരിശോധനാ റിപ്പോര്‍ട്ട് തയ്യാറാക്കല്‍,റിപ്പോർട്ടുകളുടെ   പരിപാലനം എന്നിവ പ്രാധാന്യം അർഹിക്കുന്നു. ഈ ലക്ഷ്യങ്ങള്‍ സാധൂകരിക്കുക എന്ന ഉദ്ദേശത്തോടുകൂടിയാണ് കെമിക്കല്‍ എക്സാമിനേഴ്സ് ലബോറട്ടറി മാന്വല്‍ തയ്യാറാക്കിയിരിക്കുന്നത്. ലബോറട്ടറിയിലെ സാങ്കേതിക ജീവനക്കാരും മറ്റു ജീവനക്കാരും ഈ മാന്വല്‍ അനുസരിച്ച് പ്രവർത്തിക്കുന്നു. സാമ്പിളുകള്‍ സ്വീകരിക്കുന്നത് കെമിക്കോ ലീഗല്‍‌ എക്സാമിനേഷന്‍ റൂള്‍ അനുസരിച്ചാണ്.

Mobile Menu